2012 സിനിമ റിവ്യൂ – 9 “22 ഫീമെയില്‍ കോട്ടയം”


മലയാള സിനിമയില്‍ ഉപ്പും മുളകും പാകത്തിന് ചേര്‍ത്ത് പുതിയ രുചിക്കൂട്ടുണ്ടാക്കിയ സംവിധായകന്‍ ആഷിക് അബു നിരാശപ്പെടുത്തിയില്ല.തന്‍റെ പുതിയ ചിത്രമായ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ മലയാള സിനിമ അധികം സഞ്ചരിക്കാത്ത കഥാ വഴികളിലൂടെ സഞ്ചരിച്ചു ഒരു നല്ല ചിത്രം സമ്മാനിച്ചു എന്ന് വേണം പറയാന്‍.

വിദേശത്തൊരു നഴ്സിങ് ജോലി എന്ന സ്വപ്നവുമായി ബാംഗ്ലുരില്‍ കുടിയേറിയിരിക്കുന്ന ആയിരക്കണക്കിന് മലയാളി പെണ്‍കുട്ടികളില്‍ ഒരാളായ കോട്ടയത്തുകാരി ടെസ.കെ.ഏബ്രഹാം എന്ന നഴ്സിലൂടെയാണ് കഥ വികസിക്കുന്നത്.ബാന്ഗ്ലൂരില്‍ ജോലി ചെയ്യുന്ന അവള്‍ക്കു ഒരു സമയത്ത് അനുഭവിക്കേണ്ടി വരുന്ന ദുരന്തമാണ് ഈ ചിത്രം.ടെസ്സ ഇന്ത്യന്‍ സ്ത്രീകളുടെയല്ലാം പ്രധിനിധിയാണ്.റീമ കല്ലിങ്ങലിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്.മറ്റൊരു പ്രധാന കഥാപാത്രം ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന സിറില്‍ ആണ്.ടെസ്സയുടെ കൂട്ടുകാരന്‍.പതിവ് പോലെ ഇംഗ്ലീഷ് തെറിയും കയ്യില്‍ ഒരു കപ്പ്‌ കോഫിയും പിടിച്ചു നല്ലവണ്ണം ഇന്റീരിയല്‍ ചെയ്ത ഫ്ലാറ്റില്‍ നില്‍ക്കുന്ന ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുപോകുന്ന കഥാപാത്രമാണെങ്കിലും ഫഹദ് അത് മനോഹരമാക്കി.പ്രതാപ്‌ പോത്തന്‍, സത്താര്‍ എന്നിവരുടെ തിരിച്ചു വരവിനും ചിത്രം വേദിയൊരുക്കി.

ഇന്നത്തെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ,അവരുടെ സമീപനങ്ങള്‍,ലൈംഗികത തുടങ്ങിയവ ചിത്രം കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളും പുരുഷ ലൈംഗികതയുടെ വികൃതമായ സ്വഭാവവും വരച്ചു കാട്ടുന്നു.സ്ത്രീയെ വെറും 55 കിലോ മാംസം മാത്രമായി കാണുന്ന ഗോവിന്ദ ചാമിമാരോടുള്ള കലിപ്പ് തന്നെയാണ് ചിത്രം.

‘ഞാന്‍ ഒരു വെര്‍ജിന്‍ അല്ല’ എന്ന് സിനിമയിലെ നായിക പറയുന്നതും,പുരുഷന്റെ ചന്തി നോക്കി ‘ഗുഡ് ആസ്സ്’ എന്ന് പറയാന്‍ കാണിക്കുന്ന ധൈര്യവും,മദ്യപിക്കുന്നതും ആണ് സ്ത്രീ സ്വാതന്ത്ര്യം (??)എന്ന് പറയാന്‍ ശ്രമിക്കുന്നുണ്ട്.എന്നാല്‍ സ്ത്രീയുടെ ശരീരം അവളുടെ മാത്രമാണെന്നും അതില്‍ അവളുടെ ഇഷ്ടമല്ലാതെയുള്ള കൈകടത്തല്‍ ചെറുക്കപ്പെടേണ്ട താണെന്നും പറയുന്നതിലൂടെയാണ് ചിത്രം സ്ത്രീ പക്ഷമാകുന്നത്.

ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളെയും പ്രതികരിക്കുവാന്‍ കഴിയുമെന്ന് തെളിയിക്കുന്ന സ്ത്രീ കഥാപാത്രങ്ങളേയും ചിത്രത്തില്‍ പ്രാധാന്യത്തോടെ വിവരിക്കുമ്പോള്‍ പക്ഷെ പ്രതികാരം ചെയ്യുമ്പോള്‍ ഈ സ്ത്രീ കഥാപാത്രങ്ങള്‍ പുരുഷ സഹായം ആവശ്യപെടുന്നത് കല്ല്‌ കടിയായി.

സ്ത്രീകളുടെ സഹനശക്തിയും നിസ്സഹായാവസ്ഥയും പ്രതികാരവും എല്ലാം വരച്ചുകാട്ടിയ ചിത്രം ഒരു സ്ത്രീയുടെ സഹനശക്തിയെ ദൌര്‍ബല്യമായി കാണരുത് എന്നോര്‍മിപ്പിച്ചു കൊണ്ടാണ് അവസാനിക്കുന്നത്.